MalayalamNews

വർഷങ്ങൾക്ക് ശേഷം ട്രോളുകളിൽ നിറഞ്ഞ് പൃഥ്വിരാജിന്റെ ‘ഹീറോ’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ട്രോളുകളിലും സിനിമാ പേജുകളിലും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഹീറോ. പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രോളുകളിൽ നിറയുന്നത്. ചിത്രത്തിലെ പല സീനുകളും ട്രോള്‍ പേജുകളില്‍ വന്‍ ട്രെന്‍ഡിങ്ങാണ്. ഇതിപ്പോൾ എവിടുന്നു വന്നു, ഇത് ഇവിടെ പറയാൻ കാരണം, എന്നിങ്ങനെയുള്ള കമന്‍റുകളാണ് പല ട്രോളുകള്‍ക്കും താഴെ വരുന്നത്.

അനൂപ് മേനോന്‍ അവതരിപ്പിച്ച സംവിധായകന്‍ ആദിത്യനും തലൈവാസല്‍ വിജയ് അവതരിപ്പിച്ച ഫൈറ്റ് മാസ്റ്റര്‍ ധര്‍മരാജന്‍ മാസ്റ്ററും തമ്മിലുള്ള സംഭാഷണമാണ് ട്രോളുകളിലെ ഹൈലൈറ്റ്. അതിനോടൊപ്പം മാസ്റ്റര്‍ ‘ആക്ഷന്‍’ എന്ന വാക്കിന് പകരം ഉപയോഗിക്കുന്ന ‘അയ്യപ്പാ’ എന്ന ഡയലോഗും ട്രോളന്മാര്‍ ഇതിനോടകം ഏറ്റെടുത്തു. സിനിമക്കുള്ളിലെ സിനിമയിലെ ആക്ഷന്‍ സീന്‍ ധര്‍മരാജന്‍ മാസ്റ്റര്‍ വിവരിക്കുമ്പോള്‍ അതിന് അനൂപ് മേനോന്‍ നല്‍കുന്ന മറുപടിയും വൈറലാണ്.


പുതിയ മുഖം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ദീപനും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ഹീറോ. സിനിമയിലെ നായകന്മാര്‍ക്ക് ആക്ഷന്‍ സീനുകളില്‍ ഡ്യൂപ്പായി വേഷമിടുന്ന ടാര്‍സണ്‍ ആന്റണിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് പുറത്തുവിട്ട പോസ്റ്ററില്‍ പൃഥ്വിരാജിന്റെ ബോഡി ട്രാൻഫോർമേഷൻ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശരാശരി വിജയമാണ് സിനിമ ബോക്സ് ഓഫീസിൽ നേടിയത്. ആര്‍ക്കും പ്രവചിക്കാൻ പാകത്തിന് സകല ക്ലീഷേകളുമടങ്ങിയ ചിത്രമായിരുന്നു ഹീറോ എന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

ഇതിനിടയിൽ സിനിമയിലെ വില്ലൻ കഥാപത്രം അവതരിപ്പിച്ച തമിഴ് നടൻ ശ്രീകാന്തിനെ ലഹരി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും ട്രോളുകളായി നിറയുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥ എന്നാണ് കളിയാക്കലുകൾ. ഈ ട്രെന്‍ഡിനിടെ പൃഥ്വിരാജിനോടുള്ള അധിക്ഷേപവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പൃഥ്വിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന രീതിയിലാണ് ഇത്തരക്കാരുടെ കമന്‍റുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button