ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 22ന് റിലീസ് ചെയ്യാനിരിക്കെ ട്രെയിലറുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാകും റിലീസ് ചെയ്യുക. ഹിന്ദിയിൽ ഹൃതിക് റോഷൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ ശിവകാർത്തികേയൻ, കന്നഡയിൽ ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങൾ എന്നിവരും ട്രെയിലർ റിലീസിന്റെ ഭാഗമാകും.
ഓരോ ദിവസവും പുതിയ അപ്ഡേറ്റുകൾ കൊണ്ട് ഞെട്ടിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇനി വരാൻ പോകുന്ന എല്ലാ അപ്ഡേറ്റുകളും ഹോംബാലയുടെ പേജിലും നമുക്ക് കാണാൻ സാധിക്കും. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക എന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
സൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീസിൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇതിനാൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.