പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുന്ന ചിത്രമാണ് ദി രാജാസാബ്. ഒരു ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ് എത്തുന്നത്. ജനുവരി ഒൻപതിന് സിനിമ പുറത്തിറങ്ങും. സിനിമയുടെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ വെച്ച് പ്രഭാസിന്റെ വാക്കുകളാണ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുന്നത്. ‘സീനിയർ എന്നും സീനിയർ ആണ്. അവരിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. അവർ കഴിഞ്ഞ് മാത്രമേ ഞാൻ ഉള്ളൂ.
സംക്രാന്തിക്ക് ഒപ്പം ഇറങ്ങുന്ന എല്ലാ സിനിമയും ബ്ലോക്ക്ബസ്റ്റർ ആകണം. എന്റെ സിനിമയും വിജയിച്ചാൽ സന്തോഷം’, എന്നായിരുന്നു നടന്റെ വാക്കുകൾ. മറ്റു താരങ്ങളുടെ സിനിമകളെയും സ്വന്തം സിനിമ പോലെ ചേർത്തുനിർത്തുന്ന പ്രഭാസിന്റെ മനസിനെ അഭിനന്ദിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നല്ല മനസിന്റെ ഉടമയാണ് പ്രഭാസ് എന്നും കമന്റുകൾ ഉണ്ട്. ചിരഞ്ജീവി, ശർവാനന്ദ്, രവി തേജ തുടങ്ങിയ താരങ്ങളുടെ സിനിമകളും സംക്രാന്തിക്ക് എത്തുന്നുണ്ട്.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.




