‘കൽക്കി 2898 എ ഡി’ എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമയുടെ റിലീസ് തീയതിയും ടീസർ അപ്‌ഡേറ്റും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ ജൂൺ 16 ന് രാവിലെ 10.52 പുറത്തിറങ്ങും. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ പ്രഭാസ് ഡബിൾ റോളിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ ‘രാജാ സാബ്’ ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.