Chithrabhoomi

100 കോടി രൂപയുടെ വമ്പൻ ഡീൽ; പനോരമ സ്റ്റുഡിയോസിന് കൈകൊടുത്ത് നിവിൻ പോളി

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായിട്ടാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമ്മിക്കുക.

ഇന്ത്യൻ, ഇന്റർനാഷണൽ മാർക്കറ്റുകൾ ഉന്നംവെച്ചുള്ള പല ഴോണറുകളിലുള്ള സിനിമകളാണ് ഈ ഡീലിന്റെ ഭാഗമായി നിർമിക്കാൻ ഒരുങ്ങുന്നത്. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതാൻ കെൽപ്പുള്ളതാണ് ഈ ഡീൽ. ഓങ്കാര, പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2 തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ചിട്ടുള്ള നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പാണ് നിലവിൽ ചിത്രീകരണത്തിലുള്ള പനോരമ സ്റ്റുഡിയോസിന്റെ ചിത്രം.

അതേസമയം, സർവ്വം മായ എന്ന സിനിമയിലൂടെ ഗംഭീര കംബാക്ക് നടത്തിയിരിക്കുകയാണ് നിവിൻ. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button