അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും. 82.7 ബില്യൺ ഡോളറിനാണ് വാർണർ ബ്രോസിനെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുന്നത്. വാർണർ ബ്രോസ് കൂടി നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകുന്നതിലൂടെ കൂടുതൽ സിനിമകൾ നെറ്റ്ഫ്ലിക്സിൽ വരുമെന്നത് ഉപയോക്താക്കൾക്ക് ഗുണകരമാകുമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു. കുറഞ്ഞ ചെലവിൽ എച്ച്.ബി.ഒ മാക്സ്, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഒരുമിച്ചു നൽകാനാണ് നെറ്റ്ഫ്ലിക്സിന്റെ പദ്ധതി. 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ലോകത്തിലെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്.
നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവയുടെ ബിഡ്ഡിംഗ് മത്സരത്തിന് ശേഷമാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാർ ഉണ്ടായത്. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സ്റ്റുഡിയോകൾക്കും എച്ച്ബിഒ മാക്‌സ് സ്ട്രീമിംഗ് സേവനത്തിനും വേണ്ടി കോംകാസ്റ്റ് ലേലം വിളിച്ചിരുന്നു. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ എച്ച്.ബി.ഒ മാക്സിന്റെ സിനിമകളുടെയും ടി.വി ഷോകളുടെയും ശേഖരം നെറ്റ്ഫ്ലിക്സിന് ലഭിക്കും.നിലവിൽ നെറ്റ്ഫ്ലിക്സിന്റെയും എച്ച്.ബി.ഒ മാക്സിന്റെയും വരിക്കാരായവർക്ക് ഇനി സബ്സ്ക്രിപ്ഷൻ പ്ലാനായിരിക്കും ഉണ്ടാവുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങിയ ചാനലുകളും വിൽക്കാൻ വാർണർ ബ്രദേഴ്സ് ഡിസ്കവറി തീരുമാനിച്ചത്.




