NewsTelugu

ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കാൻ നാനി ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ടീം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോർക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. അടുത്ത വർഷം മാർച്ച് 26 ന് ചിത്രം ആഗോള റിലീസായി എത്തും. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ഇതിനോടകം പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. അതിനൊപ്പമാണ് ചിത്രം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി സഹകരിക്കുന്നു എന്ന വാർത്തയും വരുന്നത്. ഹോളിവുഡിലെ ക്രിയേറ്റീവ് കണ്ടന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്സാണ്ട്ര ഇ വിസ്കോണ്ടിയുമായി ഇതിനോടകം തന്നെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ വരുന്നത്. വിശദാംശങ്ങൾ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ദി പാരഡൈസിനെ ഒരു യഥാർത്ഥ അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായി ഒരുക്കാനുള്ള ടീമിന്റെ ദൃഢനിശ്ചയത്തെ ഈ പുരോഗതി ശക്തിപ്പെടുത്തുന്നു.

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി പാരഡൈസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടും അന്താരാഷ്ട്ര ഭാഷാ പതിപ്പുകൾ പുറത്തിറക്കുന്നതിനുള്ള ഒരു ചവിട്ടു പടിയായി, ഇന്ത്യയിൽ വൻ ആരാധകരുള്ള ഒരു പ്രശസ്ത ഹോളിവുഡ് നടനെ ചിത്രത്തിൻ്റെ താരനിരയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും ടീം നടത്തിവരികയാണ്. ഇത് ഇപ്പോൾ തന്നെ വമ്പൻ പ്രതീക്ഷയുള്ള ഈ പ്രോജക്റ്റിന് മറ്റൊരു ആഗോള മാനം നൽകുന്നു. ബോളിവുഡ് താരം രാഘവ് ജൂയലും ഈ ചിത്രത്തിലൂടെ തൻ്റെ തെലുങ്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് അണിയറ പ്രവർത്തകർ നൽകുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button