വിജയ്‌യെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘നൻപൻ’. ആമിർ ഖാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രമായ ‘ത്രീ ഇഡിയറ്റ്സി’ൻ്റെ റീമേക്ക് ആയി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഷങ്കർ ആദ്യമായി ഒരുക്കിയ റീമേക്ക് ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ വിജയ്‌യുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആമിർ ഖാനെ അതേപടി വിജയ് കോപ്പി അടിക്കുകയായിരുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ നൻപനും ത്രീ ഇഡിയറ്റ്സും ചർച്ചയാകുകയാണ്.
ചിത്രത്തിലെ വിജയ്‌യുടെ പ്രകടനത്തെ മുൻനിർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരിക്കുന്നത്. വിജയ്‌യുടെ അധികമാരും വാഴ്ത്തപ്പെടാതെ പോയ പ്രകടനമാണ് നൻപനിലേതെന്നും നടൻ കൂടുതൽ കയ്യടികൾ അർഹിക്കുന്നു എന്നാണ് വിജയ് ആരാധകർ കുറിക്കുന്നത്. മൂന്ന് മണിക്കൂർ നേരം ആക്ഷനും വയലൻസും ഒന്നുമില്ലാതെ പ്രകടനം കൊണ്ട് വിജയ് സിനിമയെ പിടിച്ചുനിർത്തിയെന്നാണ് മറ്റൊരു കമന്റ്. ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ച ചിത്രം നൻപൻ ആണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അതേസമയം വിജയ് ആരാധകർക്ക് മറുപടിയുമായി ആമിർ ഖാൻ ഫാൻസ് എത്തി. ആമിർ ഖാന്റെ ഒപ്പം വിജയ്ക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും വിജയ്യുടേത് കേവലം അനുകരണം മാത്രമാണെന്നുമാണ് ആമിർ ആരാധകർ കുറിക്കുന്നത്. ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ച ചിത്രം നൻപൻ ആണെന്ന് പറയുന്നവരോട് യോജിക്കാനാകില്ലെന്നും ട്വീറ്റുകൾ വരുന്നുണ്ട്.സത്യരാജ്, ഇല്യാന, ജീവ, ശ്രീകാന്ത്, സത്യൻ തുടങ്ങിയവരായിരുന്നു നൻപനിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഹാരിസ് ജയരാജ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. കരീന കപൂർ, ബൊമൻ ഇറാനി, മാധവൻ. ശർമൻ ജോഷി എന്നിവരായിരുന്നു ത്രീ ഇഡിയറ്റ്സിലെ അഭിനേതാക്കൾ. ചേതൻ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന നോവലിനെ ആസ്പദമാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത സിനിമയാണ് ത്രീ ഇഡിയറ്റ്സ്.