പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ പ്രത്യേകതകൾ കാരണം വിവാദങ്ങൾ കത്തിയാളുന്ന സാഹചര്യത്തിൽ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രതികരിച്ച് മുരളി ഗോപി. വിവാദങ്ങൾ കനത്തപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തുവെങ്കിലും ചിത്രത്തിന് തിരക്കഥയെഴുതിയ മുരളി ഗോപി നിശ്ശബ്ദനായിരുന്നു.
‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധം’, ‘അറിവാണ് എഴുത്ത്, എഴുതാനാണ് തൂലിക, അറിവിലും എഴുത്തിലും വിട്ടുവീഴ്ച അരുത്, താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു’ എന്നിങ്ങനെയാണ് നിരവധിപേർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നത്.
ലൂസിഫർ പരമ്പരയിലെ മൂന്നാമത്തെ ചിത്രം തീർച്ചയായും വരും എന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൃഥ്വിരാജിനൊപ്പം അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രം L3 അല്ല ‘ടൈസൺ’ എന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും എന്നാണ് മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞത്.