മലയാളികൾ ഏറെ ആരാധിക്കുന്ന രണ്ട് മഹാനടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ‘ഇതുപോലൊരു സുഹൃത്തിന് കിട്ടിയത് മമ്മൂക്കയുടെ ഭാഗ്യം, ഇവരുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ സന്തോഷം, ഈ ഡ്രസ്സ് കണ്ടാൽ അറിയാം മമ്മൂട്ടിയോടുള്ള ലാലേട്ടന്റെ ഇഷ്ടം’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ചൊരു ഫോട്ടോ എടുത്താൽ വരെ മലയാളിക്ക് ഭയങ്കര സന്തോഷമാണ്. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് വലിയ താരങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്നേഹം മലയാളികൾക്ക് സുപരിചിതമാണ്. നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന് കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.