മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ വമ്പൻ അപ്ഡേറ്റ് ഇന്ന് എത്തും. കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 2025 മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഹിറ്റുകളുടെ വർഷമാണ്. വൃഷഭയും മോഹൻലാലിന്റെ തകർപ്പൻ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂൺലൈറ്റ്, ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയിരുന്ന നിക്ക് തർലോ ആണ്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.