Chithrabhoomi

ക്രിസ്മസ് ബോക്സ് ഓഫീസിൽ ഒന്നാമനാകാൻ മോഹൻലാലും നിവിനും ഷെയ്‌നും

ചെറുതും വലുതുമായ ഒരുപിടി സിനിമകൾ ആണ് ഇത്തവണ ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്ന് പത്തിന് മുകളിൽ സിനിമകൾ ഇത്തവണ ബോക്സ് ഓഫീസിൽ മാറ്റുരയ്ക്കും.മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ ആണ് ക്രിസ്മസ് റിലീസായി നാളെ തിയേറ്ററിൽ എത്തുന്നത്. നിവിൻ പോളി ചിത്രം സർവ്വം മായ, മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭ, ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മിണ്ടിയും പറഞ്ഞും, നരെയ്ൻ ചിത്രം ആഘോഷം, ഷെയിൻ നിഗം നായകനാകുന്ന ഹാൽ എന്നിവയാണ് ഈ മലയാള സിനിമകൾ. നാളെ സർവ്വം മായ പുറത്തിറങ്ങും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്.

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ സ്ലീപ്പർ സെല്ലുകൾ ഡിസംബർ 25 ന് തിയേറ്ററിൽ എത്തുമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.
ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും.

സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിൽ ആണ് തിയേറ്ററിൽ എത്തുന്നത്. ഒരു സീരിയസ് ലവ് സ്റ്റോറി ആകും സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രണയത്തിനോടൊപ്പം ശക്തമായ ഒരു വിഷയവും സിനിമ ചർച്ചചെയ്യുന്നുണ്ട്. വിക്രം പ്രഭുവിന്റെ സിറൈ, അരുൺ വിജയ് ചിത്രം രെട്ടൈ തലൈ എന്നിവയാണ് തമിഴിൽ നിന്നെത്തുന്ന ക്രിസ്മസ് സിനിമകൾ. ഇരുസിനിമകൾക്കും വലിയ പ്രതീക്ഷയാണുള്ളത്. അനശ്വര രാജൻ നായികാ വേഷത്തിൽ എത്തുന്ന ചാമ്പ്യൻ ആണ് തെലുങ്കിൽ നിന്നുള്ള ക്രിസ്മസ് ചിത്രം.

റോഷൻ ആണ് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ. ബോളിവുഡിൽ നിന്ന് കാർത്തിക് ആര്യൻ നായകനാകുന്ന ‘തു മേരി തു മേരി മേൻ തേരാ മൈൻ തേരാ തു മേരി’ ആണ് ക്രിസ്മസ് കളറാക്കാൻ എത്തുന്ന ചിത്രം. ഹോളിവുഡിൽ നിന്ന് വമ്പൻ പ്രതീക്ഷകളുമായി അനാകോണ്ടയും നാളെ തിയേറ്ററിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് കെവിൻ എട്ടെൻ ആണ്. അനാകോണ്ട സീരിസിലെ ആറാമത്തെ ചിത്രമാണിത്. കിച്ച സുദീപ് നായകനായി എത്തുന്ന മാർക്ക് ആണ് കന്നടയിൽ നിന്ന് ക്രിസ്മസ് ആഘോഷിക്കാൻ എത്തുന്ന ചിത്രം. കിച്ച ക്രിയേഷൻസുമായി ചേർന്ന് സത്യജ്യോതി ഫിലിംസ് ആണ് മാർക്ക് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button