MalayalamNews

വീണ്ടും ബോക്സ് ഓഫീസിൽ താരമാകാൻ ഉദയൻ ; മോഹൻലാൽ-ശ്രീനിവാസൻ സിനിമയുടെ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിൽ വീണ്ടുമൊരു ചിത്രം റീ റിലീസിനെത്തുന്നു. മോഹൻലാൽ – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ജൂണ്‍ 20-ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍വിജയം നേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ഉദയനാണ് താരം’. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്.

ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ‘കരളേ, കരളിന്റെ കരളേ’ എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് ‘ഉദയനാണ് താരം’. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഉദയനാണ് തരാം റീ റിലീസിന് എത്തുന്നതിന് തൊട്ടുമുന്നേ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ ജൂൺ ആറിന് തിയേറ്ററുകളിലെത്തുകയാണ്. 4 കെ റീമാസ്റ്റേർഡ് പതിപ്പാണ് ജൂണിൽ തിയേറ്ററുകളിലെത്തുന്നത്. സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും ഉദയനാണ് താരവും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button