Chithrabhoomi

ഇന്ത്യൻ ബോക്സ് ഓഫീസിലും തരംഗമായി ടോം ക്രൂസ്; കളക്ഷനിൽ മുന്നേറി മിഷൻ ഇമ്പോസിബിൾ

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാഞ്ചൈസി ആണ് ടോം ക്രൂസ് നായകനായ ‘മിഷൻ ഇമ്പോസിബിൾ’. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും ‘മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്ക് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാനാകുന്നുണ്ട്.

റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോൾ 41.75 കോടിയാണ് മിഷൻ ഇമ്പോസിബിളിന്റെ നേട്ടമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം 15.5 കോടിയാണ് സിനിമ ഇന്ത്യയിൽ നിന്ന് നേടിയത്. രണ്ടാം ദിവസവും ഇതേ കളക്ഷൻ തുടരാൻ സിനിമയ്‌ക്കായിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച മുതൽ സിനിമയ്ക്ക് കളക്ഷൻ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, മുൻ ഭാഗമായ ‘മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ നാല് ദിവസത്തെ കളക്ഷനെക്കാൾ കുറവാണ് ഇപ്പോൾ ഈ ഭാഗം നേടിയിരിക്കുന്നത്. 46.5 കോടിയായിരുന്നു പാർട്ട് വൺ നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയത്.

സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകുന്നതെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് ഞെട്ടിച്ചെന്നുമാണ് പ്രതികരണം. സിനിമയിലെ അണ്ടർവാട്ടർ സീനുകളും പ്ലെയിൻ ഫൈറ്റ് സീനുമെല്ലാം ശ്വാസമടക്കിപ്പിച്ചു കാണേണ്ട അവസ്ഥയാണെന്നുമാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിരുന്നു. രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

‘മിഷൻ ഇമ്പോസിബിൾ’ സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 1996 ലാണ് ആദ്യത്തെ ‘മിഷൻ ഇമ്പോസിബിൾ’ ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button