Celebrity

‘ഞങ്ങൾ വേർപിരിഞ്ഞു, ഇനി ഒരുമിക്കാൻ സാധ്യതയില്ല’, തുറന്നുപറഞ്ഞ് മനു വര്‍മ

ടെലിവിഷൻ സീരിയൽ രംഗത്തെ അഭിനേതാക്കളും യഥാർത്ഥ ജീവിത്തതിൽ പങ്കാളികളുമാണ് മനുവർമയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയാൻ തിരുമാനിച്ചെന്ന് പറയുകയാണ് മനു വർമ. ഇരുവരും ഇപ്പോൾ ഒന്നിച്ചല്ല താമസമെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണയിൽ നടക്കുകയാണെന്നും മനു വര്‍മ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വീണ്ടും തമ്മിൽ ഒരുമിക്കാൻ സാധ്യതയില്ലെന്നും മനു വർമ കൂട്ടിച്ചേർത്തു.

‘ഞാനും ഭാര്യയും ഇപ്പോൾ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദ് ​ഗെയിം. ഇപ്പോൾ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ​​ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളിൽ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.

പിരിഞ്ഞ ആൾക്കാർ ഒരിക്കലും തമ്മിൽ തമ്മിൽ നല്ലത് പറയില്ലല്ലോ. കോർട്ട് റൂമിൽ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാൻ ഒരു മടിയാണ്. പണ്ടൊരു അണ്ടർസ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോൾ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. എന്തിനാണ് അത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവർ വേർപിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും.

ഇവിടെയും അത് വന്ന് കഴിഞ്ഞാൽ നല്ലതാണ്. പക്ഷേ അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഡിവോഴ്സ് കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാൽ കീറി മുറിക്കാൻ നിൽക്കുകയല്ലേ. മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബാംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്,’ മനു വർമ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button