മലയാള സിനിമാ പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിന് വാനോളം പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ. സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നതും ബ്രേക്ക് എടുക്കുന്നതും. ഇപ്പോഴിതാ ഏഴു മാസത്തിന് ശേഷം നടൻ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. “ഇഷ്ടപ്പെട്ട ജോലിയല്ലേ… പ്രാർഥനകൾക്ക് എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. സ്നേഹത്തിന്റെ പ്രാർഥനകളല്ലേ. അത് ഫലം കണ്ടു. സന്തോഷം, എല്ലാവർക്കും നന്ദി, നന്ദി. ഓർത്തവർക്കും സ്നേഹിച്ചവർക്കും”.- മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
വളരെ അധികം സന്തോഷമുണ്ടെന്ന് സംവിധായകൻ മഹേഷ് നാരായണനും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഒരുപാട് സന്തോഷം, ഇനി അദ്ദേഹത്തിന്റെ വർക്കുകളിലാണ്. ഷൂട്ടിങ് തുടർന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഞങ്ങളുടെ കൂടെ ഒരു 45 – 50 ദിവസത്തോളം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കുറച്ച് ബ്രേക്ക് എടുത്തത്. ഹൈദരാബാദിൽ ഒരു ആറ് ദിവസം, അത് കഴിഞ്ഞാൽ യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യും. ഹൈദരാബാദ് ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ അടങ്ങുന്ന താരങ്ങൾ ഉണ്ട്,’ മഹേഷ് നാരായണൻ പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.
ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയും ആശിര്‍വാദ് സിനിമാസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി, ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയൻതാര തുടങ്ങിയവരുമുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റേതാണ്. നാളെ ഉച്ചയ്ക്ക് 12 മണിയോടെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്കെത്തും. ഒപ്പം ചിത്രത്തിന്റെ ടൈറ്റിലും ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിടും.