NewsTamil

‘മെയ്യഴകൻ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളം സിനിമകൾ’ ; കാർത്തി

കഴിഞ്ഞ വർഷം സി പ്രേംകുമാറിനെ സംവിധാനത്തിൽ കാർത്തിയും അരവിന്ദ് സാമിയും പ്രധാന വേഷങ്ങളിലെത്തിയ മെയ്യഴകൻ എന്ന ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളം സിനിമകളാണെന്നു നടൻ കാർത്തി. മികച്ച തമിഴ് നടനുള്ള സൈമ പുരസ്കാരം ഏറ്റുവാങ്ങിയുള്ള നന്ദി പ്രസംഗത്തിലാണ് താരം മലയാള സിനിമ മെയ്യഴകനിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മനസ് തുറന്നത്. “മെയ്യഴകൻ വളരെ സ്പെഷ്യലായൊരു ചിത്രമാണ്. ഒരു നോവലായാണ് ആദ്യം അത് വായിച്ചത്, അപ്പോൾ തോന്നി ഇതുപോലുള്ള സിനിമകളൊക്കെ സാധാരണ മലയാളത്തിലാണല്ലോ ഇറങ്ങാറ്, ഇതൊക്കെ നമുക്കും പറ്റില്ലേ എന്ന് തോന്നി. അതിനാൽ ഇങ്ങനൊരു ചിത്രം ചെയ്യണമെന്ന് പ്രചോദിപ്പിച്ച മലയാളി സഹോദരങ്ങൾക്ക് നന്ദി. സിനിമയുടെ പരിധികൾ നിങ്ങൾ ഇപ്പോഴും മുന്നോട്ട് തള്ളി നീക്കിക്കൊണ്ടിരുന്നു” കാർത്തി പറയുന്നു.

നഷ്ട്ടപ്പെട്ട തിരിച്ച് പോകാൻ മടിക്കുന്ന ഭൂതകാലത്തിലേക്ക് മടങ്ങി പോകുന്ന ഒരാളെ, നിഷ്‌ക്കളങ്കനായ ഒരാളുമായി ഇടപെടുമ്പോൾ നഷ്ടമായ ചില നല്ല നിമിഷങ്ങൾ തിരിച്ച് കിട്ടുന്നതായിരുന്നു മെയ്യഴകന്റെ പ്രമേയം. നടുവിലെ കൊഞ്ചം പക്കത്ത കാണോം, 96 എന്നെ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം സി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ വേണ്ടത്ര വിജയം നേടിയിരുന്നില്ല. എന്നാൽ കേരളത്തിലും തെലുങ്കിലും ചിത്രം മികച്ച വിജയവും പ്രശംസയും നേടിയിരുന്നു. “ചിത്രം ചെയ്തതിന്ശേഷം എവിടെ ചെന്നാലും ആരാധകർ എന്നെ സമീപിക്കുന്നത് മെയ്യഴകാ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു കൊണ്ടാണ്. ഈ ചിത്രം എനിക്കായി സമ്മാനിച്ച സംവിധായകൻ പ്രേംകുമാറിനും, നിർമ്മിച്ച ചേട്ടൻ സൂര്യയോടും നന്ദി പറയുന്നു” കാർത്തി കൂട്ടിച്ചേർത്തു. സർദാർ 2 ആണ് കാർത്തിയുടേതായി അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button