സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുകയാണ്. നവാഗതനായ വിനോദ് എകെ സംവിധാനം ചെയ്യുന്ന മൂൺവാക്ക് എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ലിജോയും ലിസ്റ്റിനും ഒരുമിച്ചുള്ള ഒരു വിഡിയോയിലൂടെയാണ് ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന സിനിമയിൽ അണിനിരക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളെ സിനിമയുടെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ കൂടിച്ചേരലിൽ ഉണ്ട്.
പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്.