റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ നേട്ടവുമായി കാന്താര. റിഷബ് ഷെട്ടിയുടെ സ്വപ്നചിത്രമായ കാന്താര ആദ്യ ഭാഗത്തേക്കാൾ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടാകെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ആഗോളതലത്തിൽ 235 കോടിയിലധികം രൂപയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഡൊമെസ്റ്റിക്ക് മാർക്കറ്റിൽ നിന്നും സിനിമ ഇതുവരെ നേടിയത് 161.67 കോടിയാണ്. ഇതോടെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു.
സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. കേരളത്തിലും വലിയ മുന്നേറ്റമാണ് കാന്താര ഉണ്ടാക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.
ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞു. വാരാന്ത്യത്തിൽ കളക്ഷനിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.