ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാ. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമ മികച്ച കളക്ഷനും സ്വന്തമാക്കുന്നുണ്ട്.രണ്ട് ദിവസം കൊണ്ട് 11 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ആദ്യ ദിനം 4.75 കോടി നേടിയ സിനിമ രണ്ടാം ദിവസം 6.25 കോടി നേടി. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും വർധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ആമിർ ഖാൻ ചിത്രമായ സിത്താരെ സമീൻ പർ, ഹോളിവുഡ് ചിത്രം എഫ് വൺ എന്നീ സിനിമകൾ തിയേറ്ററിൽ നിറഞ്ഞോടിയിട്ടും ‘മാ’യ്ക്ക് ആളെ നിറയ്ക്കാൻ സാധിക്കുന്നുണ്ട്. 2025-ലെ ബോളിവുഡിന്റെ ടോപ് 10 ഓപ്പണറുകളിൽ മാ ഇടം നേടാൻ സാധ്യതയുണ്ട്. ഇതോടെ ബോളിവുഡ് പഴയ ട്രാക്കിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് സിനിമാ അനലിസ്റ്റുകൾ പറയുന്നത്.കജോളിന്റെ ആദ്യ ഹൊറര്‍ ചിത്രമാണ് ‘മാ’. 2024-ൽ ഹിറ്റായ അജയ് ദേവ്ഗണിന്റെ ‘ശൈയ്ത്താന്‍’ ചിത്രത്തിന്റെ ജനപ്രീതി ‘മാ’വിന് ഗുണം ചെയ്തു എന്നാണ് വിവരം. ശൈയ്ത്താന്‍ യൂണിവേഴ്സിൽ ഉൾപ്പെടുന്ന സിനിമ കൂടിയാണ് മാ. റോനിത് ബോസ് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത, സൂർജ്യസിഖ ദാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ ആർ മാധവൻ ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.