ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ മണിരത്‌നവും സൂപ്പർതാരം രജനികാന്തും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് കാണാൻ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയർന്നിരുന്നു. ഇപ്പോഴിതാ രജനികാന്തുമായുള്ള സിനിമയുണ്ടാകുമെന്നത് സംബന്ധിച്ച് പ്രതികരിക്കുകയാണ് മണിരത്‌നം. ‘നിങ്ങൾ അത് രജനി സാറിനോട് ചോദിക്കണം. എന്ത് നടക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. തഗ് ലൈഫിന് ശേഷം ഒരു ബ്രേക്ക് എടുക്കാനാണ് എന്റെ പ്ലാൻ.
നാല് കഥകൾ മനസ്സിലുണ്ട്. എന്നാൽ ഒന്നും പൂർണ്ണ രൂപത്തിൽ എത്തിയിട്ടില്ല,’ എന്ന് മണിരത്‌നം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.1991 ദീപാവലി റിലീസായ ദളപതിയാണ് ഇരുവരും മുമ്പ് ഒന്നിച്ച ചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം.
അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.36 വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനുമായി ഒന്നിക്കുന്ന തഗ്‌ലൈഫാണ് മണിരത്‌നത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.