News

30ാമത് ഐ.എഫ്.എഫ്.കെ: അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് ‘സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം’ എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയില്‍ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ ‘ആര്‍ക്കോ’ വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. അനെസി മേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

‘അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്’ എന്ന ഫ്രാന്‍സ്, ഗിനിയ ചിത്രം അമ്മയെ നഷ്ടപ്പെട്ട ബിരാഹിമ എന്ന പത്തു വയസ്സുകാരന്‍ ഒരു മന്ത്രവാദിക്കൊപ്പം ആന്റിയെ അന്വേഷിച്ചുപോകുമ്പോള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.’ഒലിവിയ ആന്റ് ദ ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക്’ സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. തന്റെ ദുരിതംപിടിച്ച കുടുംബജീവിതത്തിന്റെ വൈകാരിക ഭൂകമ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഭാവനയില്‍ ഒരു സിനിമാപ്രപഞ്ചം സൃഷ്ടിക്കുന്ന 12 കാരി ഒലിവിയയുടെ കഥയാണിത്. അനെസി മേളയില്‍ ഗാന്‍ ഫൗണ്ടേഷന്‍ പ്രൈസ് നേടിയ ചിത്രമാണ് ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button