പഴയ കാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അവസ്ഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ ഒരു വിലയും ഇല്ലേ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് ഗൗതമി നായർ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചും തന്റെ കരിയറിൽ വന്ന ഗ്യാപ്പിനെ കുറിച്ചും ഗൗതമി മനസ് തുറന്നു.
“ഇവിടെ നായികമാർ സ്ട്രഗിൾ ചെയ്യുന്നതിന് കാരണം നല്ല സിനിമകൾ കിട്ടാത്തത് കൊണ്ടാണ്. ഒരു 10 പടം ഇറങ്ങിയാൽ അതിൽ ഒന്നോ രണ്ടോ സിനിമകളിൽ മാത്രമാണ് നല്ല സ്ത്രീ കഥാപാത്രങ്ങളുള്ളത്. അതെന്തുകൊണ്ടാണ്? ഇവിടെ നല്ല നടിമാർ ഇല്ലാത്തത്കൊണ്ടൊന്നും അല്ലല്ലോ. അത്തരത്തിലുള്ള കഥകൾ എന്ത്‌കൊണ്ടാണ് ആരും എഴുതാത്തത്?” ഗൗതമി നായർ ചോദിക്കുന്നു. തനിക്ക് സിനിമകൾ കുറഞ്ഞതിന്റെ കാരണം പല ചിത്രങ്ങൾക്കും ‘നോ’ പറയേണ്ടി വന്നത് കൊണ്ട് കൂടിയാണ് എന്നും ഗൗതമി നായർ പറയുന്നു. എന്നാൽ സിനിമ ഉപേക്ഷിച്ച് മാറി നിൽക്കേണ്ടി വന്നിട്ടില്ല എന്നും, അങ്ങനെ താൻ ആരോടും പറഞ്ഞിട്ടില്ല എന്നും നടി കൂട്ടി ചേർത്തു. തന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷമായ ഡയമണ്ട് നെക്ക്ലേസിലെ പറ്റിയുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു.
“ഒരുപാട് പേരുടെ വിചാരം ഞാൻ സിനിമ നിർത്തി പോയി എന്നാണ്, നിർഭാഗ്യവശാൽ ചില സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു എന്നെ ഉള്ളു. എങ്കിലും അതിന്റെ പേരിൽ കുറ്റബോധം ഒന്നുമില്ല. വളരെ മികച്ച, ആകാംഷ തോന്നുന്ന ഒരു കഥാപാത്രം ലഭിക്കാൻ വേണ്ടി ആണ് ഞാനിപ്പോൾ കാത്തിരിക്കുന്നത്” ഗൗതമി നായർ പറയുന്നു.




