MalayalamNews

ക്ലാഷിൽ മുങ്ങിയില്ല! കുതിപ്പ് തുടരുന്നു; ഹൃദയപൂർവ്വം കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സു കീഴടക്കിയെന്ന് ആദ്യദിവസം തന്നെ തെളിയിച്ചതാണ്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ബോക്സ് ഓഫീസ് പ്രകടനം അക്ഷരാർത്ഥത്തിൽ ഗംഭീരമായിരുന്നു. 20 കോടി രൂപയോളമാണ് ആദ്യ ആഴ്ചയിൽ ചിത്രം വാരിക്കൂട്ടിയത്. എന്നാൽ രണ്ടാം ആഴ്ചയിൽ ഇത് 13.4 കോടിയായി കുറഞ്ഞു. ഇതിന് ഒരു പ്രധാന കാരണം കല്യാണി പ്രിയദർശൻ നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ വരവാണ്.

‘ലോക’ക്ക് ലഭിക്കുന്ന വലിയ പ്രേക്ഷകപിന്തുണ കാരണം ‘ഹൃദയപൂർവ്വം’ സിനിമയുടെ കളക്ഷൻ അല്പം കുറഞ്ഞു. എന്നിരുന്നാലും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ കുടുംബ ചിത്രവുമായി തിരികെയെത്തിയത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു എന്ന് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം. മൂന്നാം വാരാന്ത്യത്തിൽ ശനിയാഴ്ച 99 ലക്ഷവും ഞായറാഴ്ച 1.24 കോടിയും മാത്രമാണ് ചിത്രത്തിന് നേടാനായതെങ്കിലും, ഒരു ഫാമിലി മൂവി എന്ന നിലയിൽ ഇത് മികച്ച പ്രകടനം തന്നെയാണ്. 30 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതിനകം തന്നെ ലാഭകരമായി കഴിഞ്ഞു. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ‘ഹൃദയപൂർവ്വം’ അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. ‘തുടരും’, ‘എമ്പുരാൻ’, ‘ഹൃദയപൂർവ്വം’ എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്.

മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button