Hindi

‘മൻസ’ എങ്ങനെ ‘ജൽസ’യായി? കോടികൾ വിലമതിക്കുന്ന ബിഗ് ബിയുടെ ബംഗ്ലാവിന് പിന്നിലെ ചരിത്രം

ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം മുംബൈ ജുഹുവിലെ ‘ജൽസ’ എന്ന ആഡംബര ബംഗ്ലാവിലാണ് വർഷങ്ങളായി താമസിക്കുന്നത്. യഥാർത്ഥത്തിൽ ‘മൻസ’ എന്ന പേരുണ്ടായിരുന്ന ഈ കെട്ടിടം പിന്നീട് ‘ജൽസ’ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. ഉർദു, ഹിന്ദി ഭാഷകളിൽ ‘ആഘോഷം’ അല്ലെങ്കിൽ ‘കൂട്ടായ്മ’ എന്നാണ് ‘ജൽസ’ എന്ന വാക്കിന്റെ അർത്ഥം.

ഈ വീട് അമിതാഭ് ബച്ചൻ പണം കൊടുത്ത് വാങ്ങിയതല്ല. 1982-ൽ പുറത്തിറങ്ങിയ ‘സട്ടെ പെ സട്ടെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി പ്രശസ്ത നിർമ്മാതാവ് എൻ.സി. സിപ്പിയും സംവിധായകൻ രമേഷ് സിപ്പിയും ചേർന്ന് അദ്ദേഹത്തിന് സമ്മാനിച്ചതാണ് ഈ ബംഗ്ലാവ്. ഏകദേശം 10,125 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഇരുനില വീടിന് ഇന്ന് 100 മുതൽ 120 കോടി രൂപ വരെയാണ് വിപണി മൂല്യം കണക്കാക്കുന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈ ബംഗ്ലാവിൽ മുടങ്ങാതെ നടക്കുന്നൊരു പ്രത്യേകതയുണ്ട്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ജൽസയുടെ വലിയ മതിൽക്കെട്ടിന് പുറത്ത് തടിച്ചുകൂടുന്ന ആയിരക്കണക്കിന് ആരാധകരെ നേരിൽ കണ്ട് കൈവീശി അഭിവാദ്യം ചെയ്യാൻ അമിതാഭ് ബച്ചൻ പതിവായി എത്താറുണ്ട്. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ എന്നിവരാണ് ഇവിടെ താമസിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൽസയ്ക്ക് പുറമേ ‘പ്രതീക്ഷ’, ‘ജനക്’, ‘വത്സ’ എന്നിങ്ങനെ മറ്റ് ചില പ്രശസ്ത ബംഗ്ലാവുകളും ജുഹുവിലായി ബച്ചൻ കുടുംബത്തിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button