ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ഹൗസ്ഫുൾ’. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. സിനിമയുടെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ജൂൺ ആറിനാണ് ഹൗസ്ഫുൾ 5 തിയേറ്ററിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ട് വേർഷനുകൾ തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നാണ് സിനിമയുടെ രണ്ട് വേർഷനുകളുടെ പേര്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ട്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളായിരിക്കും കൊലയാളികളാകുന്നത്. പ്രേക്ഷകർക്ക് ഇത് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോൾ ഏത് പതിപ്പാണോ പ്രേക്ഷകർക്ക് കാണാൻ താല്പര്യം അത് അവരുടെ ഇഷ്ടാനുസരണം ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് പതിപ്പുകൾക്കും രണ്ട് മണിക്കൂർ 45 മിനിറ്റ് നീളമുണ്ട്.
ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രം അക്ഷയ് കുമാറിന്റെ ഗംഭീര കംബാക്കിന് വഴിയൊരുക്കുമെന്നാണ് കമന്റുകൾ. ട്രെയ്ലറിൽ തന്നെ നടൻ ചിരിപ്പിക്കുന്നുണ്ടെന്നും ആ പഴയ വിന്റേജ് അക്ഷയ് കുമാർ ഈസ് ബാക്ക് എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഒരു പക്കാ കോമഡി എന്റർടെയ്നര്‍ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.