ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിയുടെ ബയോപിക് വെള്ളിത്തിരയിലേക്ക്. ബോളിവുഡ് നടൻ രാജ്കുമാർ റാവുവായിരിക്കും ഗാംഗുലിയായി വേഷമിടുക. പശ്ചിമ ബംഗാളിലെ ബർധമാനിൽ മാധ്യങ്ങളോടു സംസാരിക്കവെ മുൻ ബി.സി.സി.ഐ പ്രസിഡന്റു കൂടിയായ ഗാംഗുലി ഇക്കാര്യം സ്ഥിരീകരിച്ചു.
‘ഞാൻ അറിഞ്ഞതനുസരിച്ച് രാജ്കുമാർ റാവു ആ വേഷം ചെയ്യു’മെന്ന് ഗാംഗുലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, തീയതികളുടെ പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിനാൽ സിനിമ സ്ക്രീനുകളിൽ എത്താൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്നും ഗാംഗുലി അറിയിച്ചു.
ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു 52 കാരനായ ഗാംഗുലി. ഇന്ത്യയെ നിരവധി ടെസ്റ്റ് വിജയങ്ങളിലേക്കും വിദേശത്ത് ഒരു ലോകകപ്പ് ഫൈനലിലേക്കും അദ്ദേഹംനയിച്ചു. അന്നത്തെ ഇന്ത്യൻ ടീം പരിശീലകൻ ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്തായതും നീണ്ട ഇടവേളക്കു ശേഷം ടീമിലേക്കുള്ള തിരിച്ചുവരവുമെല്ലാം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോഴും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തന്നെ മാറ്റിമറിച്ച ഗാംഗുലിയുടെ ജീവിതവും കരിയറും സിനിമയാക്കാന്‍ കുറെ നാളുകളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, ഷൂട്ടിങ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2002ലെ നാറ്റ് വെസ്റ്റ് സീരീസ്, ചാമ്പ്യൻസ് ട്രോഫി, 2003 ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, വിദേശത്തെ 11 ജയങ്ങളടക്കം 21 ടെസ്റ്റ് വിജയം തുടങ്ങിയവയൊക്കെ നായകനെന്ന നിലയിൽ ഗാംഗുലിയുടെ നേട്ടങ്ങളായിരുന്നു. 1996 ൽ ഇദ്ദേഹം ആദ്യമായി കളിച്ച ലോഡ്സിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. അടുത്ത മത്സരത്തിലും സെഞ്ച്വറി നേട്ടം കൈവരിച്ചു. വൈകാതെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പ്രധാന ഭാഗമായി അദ്ദേഹം മാറി.
2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി ലഭിച്ചു. ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്. 424 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 18575 റൺസ് നേടുകയും ചെയ്തു.
വാമിക ഗബ്ബിക്കൊപ്പം അഭിനയിക്കുന്ന ‘ഭൂൽ ചുക്ക് മാഫ്’ ആണ് രാജ് കുമാറിന്‍റെ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. ഗ്യാങ്സ്റ്റർ ഡ്രാമയായ ‘മാലിക്’ എന്ന ചിത്രവും പുറത്തുവരാനുണ്ട്.