MalayalamNews

ഇന്ത്യൻ ബോക്സ് ഓഫീസിൽ കുതിച്ച് ‘ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്‌ലൈന്‍സ്‌’

ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു ഹോളിവുഡ് സിനിമയായ ‘ഫൈനൽ ഡെസ്റ്റിനേഷൻ’. ഒരു ഹൊറർ ഫ്രാൻഞ്ചൈസ് ആയി ഒരുങ്ങിയ സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയത് ആറ് സിനിമകളാണ്. 2000 ലാണ് ആദ്യത്തെ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പുറത്തിറങ്ങുന്നത്. തുടർന്നെത്തിയ സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു. ഈ ഫ്രാൻഞ്ചൈസിലെ ഏഴാമത്തെ ചിത്രമായ ‘ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്‌ലൈന്‍സ്‌’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്.

റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ 9.45 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ നേട്ടം. ആദ്യ ദിനം 4.35 കോടി നേടിയ സിനിമ രണ്ടാം ദിവസമായ ഇന്നലെ 5.10 കോടി വാരിക്കൂട്ടി. ഇന്നും സിനിമയ്ക്ക് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. നാല് കോടിയോളം സിനിമ ഇന്ന് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ആദ്യ വീക്കെൻഡിൽ ഇന്ത്യയിൽ നിന്ന് സിനിമ 20 കോടിക്കടുത്ത് കളക്ഷൻ സ്വന്തമാക്കും. ഈ ഫ്രാൻഞ്ചൈസിലെ മറ്റു സിനിമകളെ പോലെ തന്നെ ഹൊററും സസ്‌പെൻസും നിറയെ വയലൻസും ചേർന്നതാണ് പുതിയ സിനിമയുമെന്നാണ് റിവ്യൂസ്.

സാക്ക് ലിപോവ്സ്കി, ആദം സ്റ്റെയിൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗയ് ബുസിക്ക്, ലോറി ഇവാൻസ് ടെയ്‌ലർ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെയ്റ്റ്ലിൻ സാന്താ ജുവാന, ടിയോ ബ്രിയോൺസ്, റിച്ചാർഡ് ഹാർമോൺ, ഓവൻ പാട്രിക് ജോയിൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിളിന്റെ റിലീസ് കാരണം ഫൈനൽ ഡെസ്റ്റിനേഷന് ഇന്ത്യയിൽ ഐമാക്സ് സ്ക്രീനുകൾ ലഭിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button