Tamil

ഫഹദ് ഫാസിൽ-വടിവേലു ചിത്രം ‘മാരീസൻ’ നാളെ തിയറ്ററുകളിലേക്ക്

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമായ ‘മാരീസൻ’ നാളെ, മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തുന്നു. ഫഹദ് ഫാസിലിനെയും വടിവേലുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്ത ‘മാരീസൻ’ ഒരു കോമഡി-ത്രില്ലർ-വൈകാരിക ഡ്രാമ വിഭാഗത്തിൽപ്പെടുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ട്രാവൽ ത്രില്ലറായാണ് ‘മാരീസൻ’ പ്രേക്ഷകരിലേക്കെത്തുന്നത്.റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടന്ന ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകരും നിരൂപകരും പങ്കുവെച്ച അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

2023-ൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ‘മാമന്നൻ’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മാരീസൻ’. ‘മാമന്നനി’ലെ ഗംഭീര പ്രകടനത്തിന് ശേഷം ഈ താരജോഡി വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിൽ ഒരു കള്ളന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്, മറവി രോഗമുള്ള ഒരാളായാണ് വടിവേലുവിന്റെ കഥാപാത്രം. ഈ വ്യത്യസ്തമായ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി പ്രിവ്യൂ കണ്ടവർ എടുത്ത് പറയുന്നുണ്ട്. കോമഡി, ത്രില്ലർ, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ ‘മാരീസൻ’ കണ്ട് പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മാരീസൻ’ എന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ നർമ്മത്തിന് താഴെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലുകളെയും കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കാഴ്ചക്കാരൻ എന്ന നിലയിലും ഒരു സിനിമാ നിർമ്മാതാവ് എന്ന നിലയിലും തന്നെ ഏറെ ആകർഷിച്ച ചിത്രമാണ് ഇതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് വി. കൃഷ്ണമൂർത്തിയാണ്. ക്രിയേറ്റീവ് ഡയറക്ടറും അദ്ദേഹം തന്നെയാണ്. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കലൈസെൽവൻ ശിവാജി ഛായാഗ്രഹണവും യുവൻ ശങ്കർ രാജ സംഗീതവും ശ്രീജിത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആഗോള തിയറ്റർ റിലീസ് അവകാശം എപി ഇന്റർനാഷണലിനാണ്. ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണവും പ്രിവ്യൂ ഷോകളിൽ നിന്നുള്ള പോസിറ്റീവ് റിപ്പോർട്ടുകളും ‘മാരീസൻ’ നാളെ തിയറ്ററുകളിൽ ഒരു മികച്ച വിജയമാകുമെന്ന പ്രതീക്ഷ നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button