ഫഹദ് ഫാസിൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. നടൻ അൽത്താഫ് സലിം ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടി കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
140 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയായ വിവരവും ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചിരുന്നു. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമാതാവ് ആഷിക് ഉസ്മാൻ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബർ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൊട്ട ഫാക്ടറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടി രേവതി പിള്ളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിന്റോ ജോർജ് ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം.