പകര്‍പ്പവകാശം ലംഘിച്ചെന്ന പരാതിയ്ക്ക് പിന്നാലെ തമിഴ് സംവിധായകന്‍ ശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്. യന്തിരന്‍ സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 1996ല്‍ തമിഴ് മാസിക ജിഗൂബയില്‍ പ്രസിദ്ധീകരിച്ച കഥ അനുമതിയില്ലാതെ സിനിമായാക്കി എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇ ഡിയും ശങ്കറിനെതിരെ നടപടിയെടുത്തിരിക്കുന്നത്. പകര്‍പ്പവകാശലംഘനുമായി ബന്ധപ്പെട്ട് ശങ്കര്‍ കേസ് നേരിടുന്നുണ്ട്. അനധികൃതസ്വത്ത് സമ്പാദനുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായി ഇ ഡി അറിയിച്ചു. (ED attaches shankar’s-properties worth 10.11 crores)
രജനീകാന്ത് നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം യന്തിരന്റെ കഥയും തിരക്കഥയ്ക്കും സംഭാഷണത്തിനും സമവിധാനത്തിനുമായി ആകെ ശങ്കര്‍ 11.5 കോടി രൂപ വാങ്ങിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഈ തുകയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഉള്ളടക്കത്തിലും കഥയുടെ വികാസത്തിലും പ്രമേയത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം ജിഗുബയും യന്തിരനും തമ്മില്‍ വളരെ അടുത്ത സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കണ്ടെത്തിയിരുന്നു. ഈ കണ്ടത്തല്‍ ശങ്കറിനെതിരായ പകര്‍പ്പവകാശലംഘന പരാതിക്ക് കൂടുതല്‍ ബലം നല്‍കുന്നതായി.