2025 നോട് ബൈ ബൈ പറഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുന്നവരാണ് നമ്മൾ. ഇപ്പോഴിതാ പുതുവർഷ തരംഗമായി ഒരു പച്ച മുന്തിരി ട്രെൻഡ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. പുതുവത്സര രാത്രി പന്ത്രണ്ട് മണി ആകുമ്പോൾ പന്ത്രണ്ട് മുന്തിരി കഴിച്ചുകൊണ്ട് പന്ത്രണ്ട് ആഗ്രഹങ്ങൾ നടത്തുന്ന ഒരു രസകരമായ സ്പാനിഷ് ആചാരമാണ് ഇത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരത്തെ “12 Grapes Challenge “എന്നാണ് വിളിക്കുന്നത്.
നമ്മൾ കഴിക്കുന്ന ഓരോ മുന്തിരിയും വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസങ്ങളെ ആണ് സൂചിപ്പിക്കുന്നത്. പന്ത്രണ്ട് മുന്തിരിയും കൃത്യ സമയത്ത് കഴിച്ച് തീർത്താൽ പുതു വർഷം ഏറെ ഭാഗ്യം നിറഞ്ഞതും ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കുന്നതും ആകുമെന്നാണ് വിശ്വാസം. എന്നാൽ ഈ ആചാരത്തിന് പിന്നിൽ ആരോഗ്യപരമായ ഗുണങ്ങളും ഉൾപ്പെടുന്നു എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നമ്മൾ നമ്മുക്കായി മാറ്റി വെക്കുന്ന ഈ പന്ത്രണ്ട് സെക്കൻഡിൽ ശരീരത്തിന് വളരെ വിശ്രമം ലഭിക്കുമെന്നും, ശ്വസനം സാധാരണഗതിയിലാവുകയും ശരീരത്തിന്റെ സമ്മർദ്ദം കുറയുകയും ചെയ്യുന്നു. കൂടാതെ മുന്തിരിയിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ പഞ്ചസാര,നാരുകൾ,വിറ്റാമിനുകൾ എന്നിവ ദഹനത്തെ സഹായിക്കും.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിനും ,രക്തയോട്ടത്തിനും മികച്ചതാണ്. ഇത്രയും പോഷക ഗുണങ്ങൾ ഉള്ളതിനാലാകാം ഈ ആചാരത്തിന് പൂർവികർ മുന്തിരി തിരഞ്ഞെടുത്തത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.പുതുവർഷ ആഘോഷങ്ങൾക്കിടയിൽ ശീതള പാനീയങ്ങളും ,ജങ്ക് ഫുഡുകളും കഴിക്കുന്നതിന് പകരം പച്ചമുന്തിരി ഒന്ന് പരീക്ഷിക്കാവുന്നതാണ്. അത് കേവലം ആഗ്രഹസഫലീകരണത്തിന് മാത്രമല്ല ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. കൂടാതെ പുതുവർഷ ആഘോഷങ്ങൾക്കിടയിലുള്ള ഒരു ബ്രേക്ക് ആയും ഇതിനെ കാണാം.




