നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ക്ക് മേൽ വലിയ പ്രതീക്ഷകളുമുണ്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള വാർത്തയാണ് പുറത്തുവരുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഹിറ്റ് മൂന്നാം ഭാഗം കേരളത്തിൽ എത്തിക്കുന്നത്. ചിത്രത്തിന് വലിയ രീതിയിലുള്ള വരവേൽപ്പാണ് നാനി ആരാധകർ ഒരുക്കുന്നത്. ആദ്യമായി കേരളത്തിൽ ഒരു നാനി സിനിമയ്ക്ക് ഫാൻസ് ഷോ ഒരുങ്ങുകയാണ്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് സിനിമയ്ക്ക് ആരാധകർ ഫാൻസ് ഷോകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തെലുങ്ക്, മലയാളം വേർഷനുകളാകും കേരളത്തിൽ റിലീസ് ചെയ്യുക. നേരത്തെ ചിത്രത്തിൽ ദുൽഖർ സൽമാൻ കാമിയോ റോളിൽ എത്തുമെന്നും ഹിറ്റ് നാലാം ഭാഗത്തിൽ ദുൽഖർ ആണ് നായകനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 54 കോടിക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശം വിറ്റുപോയത് എന്നാണ് സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്.