പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. 50 കോടിയിലേക്ക് സിനിമ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ആദ്യ സൺഡേ 6 . 35 കോടി കളക്ഷൻ നേടിയെന്നാണ് സാക്നിൽക്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 16 കോടിയിൽ കൂടുതൽ കളക്ഷൻ നേടിയിട്ടുണ്ട്. ആഗോളതലത്തിൽ ചിത്രം 40 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത് തന്നെ ചിത്രം 50 കോടി അടിക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. അതേസമയം, സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലും വൻ കുതിപ്പാണ്. ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് ‘ഡീയസ് ഈറേ’.
പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.




