കേരളത്തിൽ ഉൾപ്പെടെയുള്ള തിയേറ്ററുകൾ ഇപ്പോൾ ഭരിക്കുന്നത് ഒരു ജാപ്പനീസ് അനിമേ ചിത്രമാണ്. ‘ഡീമൻ സ്ലേയർ–ഇൻഫിനിറ്റി കാസിൽ’ എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ കാഴ്ചക്കാരെ കൊണ്ട് നിറയ്ക്കുന്നത്. ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പും ഇംഗ്ലീഷ് പതിപ്പുമാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇതിൽ ജാപ്പനീസ് പതിപ്പിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 110 തിയറ്ററുകളിലായി മുന്നൂറ് സ്ക്രീനുകളിലാണ് ‘ഡീമൻ സ്ലേയർ പ്രദർശിപ്പിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസം കഴിയുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. 48.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ.
കേരളത്തിലും വലിയ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. 2.80 കോടിയാണ് സിനിമ കേരളത്തിൽ നിന്നും മൂന്ന് ദിവസം കൊണ്ട് വാരിക്കൂട്ടിയത്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ഇന്ത്യയിൽ ആദ്യ ദിനം ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത് 16 കോടിയാണ്. ഇന്ത്യയിൽ നിന്നുമാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്നുമാണ് കണക്കുകൂട്ടൽ. ഒരു രാജ്യാന്തര അനിമേഷൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ‘ഡീമൻ സ്ലേയറി’ന് ലഭിച്ചിരിക്കുന്നത്.
തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആണ്. 2016 മുതൽ 2020 വരെ കൊയോഹാരു ഗോട്ടൂഗിന്റെ ജാപ്പനീസ് കോമിക് സീരീസായിരുന്നു ‘ഡീമൻ സ്ലേയർ’. പിന്നീട് അനിമേ ടെലിവിഷൻ സീരീസായി. 2020ലാണ് ആദ്യ ‘ഡീമൻ സ്ലേയർ’ ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രം വൻ വിജയം നേടിയിരുന്നു. 2025 ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനിൽ റിലീസ് ചെയ്തത്. 297 മില്യനാണ് ചിത്രം കലക്ട് ചെയ്തത്. ആഗോള റിലീസോടുകൂടി ഈ സിനിമ കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.