ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനടുത്ത് അടുക്കുമ്പോൾ ചിത്രം 4 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം മൂന്നര ലക്ഷത്തിലധികം ആളുകളാണ് സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.
ആദ്യമായാണ് ബുക്ക് മൈ ഷോയിലൂടെ ഒരു തമിഴ് സിനിമയ്ക്ക് ഇത്രയധികം ടിക്കറ്റുകളുടെ ബുക്കിംഗ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും മോഹൻലാലിന്റെ റെക്കോർഡ് തിരുത്താൻ തലൈവർക്കായിട്ടില്ല. ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം എമ്പുരാന് ആണ്.628K ടിക്കറ്റുകളാണ് സിനിമയുടെ വിറ്റുപോയിരുന്നത്.96K ടിക്കറ്റുകളാണ് എമ്പുരാൻ ബുക്കിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. രണ്ടാം സ്ഥാനത്താണ് നിലവിൽ കൂലി.
അതേസമയം, അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 45 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കേ സിനിമയ്ക്ക് ലഭിക്കുന്ന ബുക്കിംഗിൽ 100 കോടി വരെ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലോകേഷിന്റെ ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടിയും കടന്ന് നേട്ടം കൊയ്തിരുന്നു. സമാനമായി കൂലിയും നേടുമെന്നാണ് ആരാധകരും പ്രതീഷിക്കുന്നത്.
ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.