EnglishNews

ഏറ്റവും മോശം സിനിമയെന്ന് റിവ്യൂസ്, പക്ഷെ കളക്ഷനിൽ വൻ കുതിപ്പ്; ഞെട്ടിച്ച് ‘കൺജുറിംഗ് 4’

ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്‌സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമകൾ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ സിനിമ പുറത്തിറങ്ങി. ‘ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വമ്പൻ കളക്ഷനാണ് സിനിമ നേടുന്നത്.

ആദ്യത്തെ മൂന്ന് ദിവസം പിന്നിടുമ്പോൾ 58.45 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നേടിയത്. ഒരു ഹോളിവുഡ് ഹൊറർ സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. അതേസമയം, സിനിമയുടെ പ്രതികരണങ്ങൾ അത്ര നല്ലതല്ല. ഈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും ചിത്രം ഒട്ടും ത്രില്ലടിപ്പിക്കുന്നില്ല എന്നുമാണ് കമന്റുകൾ.

പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മൈക്കൽ ചാവേസ് സംവിധാനം ചെയ്യുന്ന ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ് ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൺജുറിംഗ് സീരീസിലെ നാലാമത്തെ ചിത്രവും ഫ്രഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. ഇയാൻ ഗോൾഡ്ബർഗ്, റിച്ചാർഡ് നൈങ്, ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക് എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജെയിംസ് വാൻ, പീറ്റർ സഫ്രാൻ എന്നിവരാണ് ഈ നാലാം ഭാഗത്തിന്റെ നിർമാതാക്കൾ. വെരാ ഫാർമിഗ, പാട്രിക് വിൽസൺ, മിയ ടോംലിൻസൺ, ബെൻ ഹാർഡി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്. കൺജുറിംഗ് സീരിസിലെ അവസാനത്തെ ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button