MalayalamNews

ജാനകി എന്ന പേര് മാറ്റി സിനിമ റിലീസ് ചെയ്യാൻ ഉദ്ദേശം ഇല്ല: സഹ തിരക്കഥാകൃത്ത്

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. ഇതിൽ കടുത്ത വിമർശനവുമായി നിരവധി പേര് രംഗത്ത് വന്നിരുന്നു. ജാനകി എന്നത് സീതയുടെ പേരാണെന്നും ആ പേര് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ജാനകി എന്ന പേര് മാറ്റി സിനിമ റിലീസ് ചെയ്യാനുള്ള ഉദ്ദേശം സംവിധായകനില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് കോ റൈറ്ററായ വിഷ്ണു വംശ ഇപ്പോള്‍. ഈ വിഷയം സിനിമയുടെ പ്രമോഷൻ തന്ത്രമാണെന്ന തരത്തിൽ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻസർ ബോർഡ് വിഷയത്തിൽ അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്.

‘ഒരു സിനിമയുടെ റിലീസ് വ്യക്തമായ കാരണത്താൽ സെൻസർ ബോർഡ് തടയുന്നത് പുതിയ കാര്യമല്ല. പലപ്പോഴായി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശം പാലിക്കപ്പെട്ട് റിലീസ് ചെയ്തിട്ടുമുണ്ട്. അവിടെ ബോർഡ് നൽകുന്ന നിർദ്ദേശം യുക്തിക്ക് നിരക്കുന്നതും സിനിമയുടെ എഫർട്ടിനെ ബാധിക്കാത്തതും കൂടിയാകണമെന്നത് ജനാധിപത്യ മര്യാദയാണ്. ജെഎസ്കെ(ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) എന്ന സിനിമയിലെ ‘ജാനകി’യെ ഒഴിവാക്കണമെന്നതാണ് നിർദ്ദേശം. സിനിമയുടെ പേരിൽ നിന്ന് മാത്രമല്ല, കഥാപാത്രത്തിന്റെ ജാനകി എന്ന പേര് തന്നെ ഒഴിവാക്കണം. സിനിമയെ സംബന്ധിച്ച് ജാനകി ടൈറ്റിൽ ക്യാരക്ടർ മാത്രമല്ല, കേന്ദ്ര സ്ത്രീ കഥാപാത്രം കൂടിയാണ്. സിനിമയിലുടനീളം ജാനകി എന്ന പേര് ഉപയോഗിക്കുന്നതിനാൽ പൂർണമായും നീക്കാൻ സാധ്യമല്ല.

ഇതിനിടെ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗം പേരുടെ വിരുദ്ധാഭിപ്രായങ്ങൾ വേറെ. പബ്ലിസിറ്റി സ്‌ട്രേറ്റർജി ആണത്രേ. സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോടികൾ മുടക്കി പ്രമോഷൻ നടത്തി കൊണ്ടിരിക്കുന്ന ഘട്ടത്തിൽ റിലീസിനെ ബാധിക്കുന്ന തരത്തിലുള്ള പ്രമോഷൻ ഏതെങ്കിലും ഒരു ഫിലിം മേക്കർ പ്രോത്സാഹിപ്പിക്കുമോ? മറ്റൊന്ന്, കേന്ദ്ര മന്ത്രിയുടെ പടം ആയിട്ടും സെൻസറിംഗ് ഇഷ്യൂ വന്നതിനെപ്പറ്റി. വെറുമൊരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം സ്വാധീനം ചെലുത്താൻ പറ്റുന്ന കേവലം നിലവാരം കുറഞ്ഞ നിയമ സംവിധാനമാണോ ഇവിടെയുള്ളത്. സെൻസർ ബോർഡ് എന്നത് ഒരു ഓട്ടോണിമസ് ബോഡി ആണെന്നുള്ളത് പോലും മനസിലാക്കുന്നില്ല.

2018 ലാണ് സിനിമയുടെ സബ്ജക്ട് ആദ്യമായി എന്നോട് സംവിധായകൻ പ്രവീൺ ചേട്ടൻ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അന്ന് മുതൽ ജാനകിയെ എത്രത്തോളം ആത്മാർഥതയോടെ അദ്ദേഹം മനസ്സിൽ കൊണ്ട് നടക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ ബോധ്യം എനിക്കുണ്ട്. ആ സിനിമയെ പ്രമോഷൻ്റെ പേരിൽ വിവാദത്തിലേക്ക് തള്ളി വിടാൻ മാത്രം വിഡ്ഢി അല്ല അയാൾ. കാരണം നമ്മുടെ കോണ്ടൻ്റ് അത്ര സ്ട്രോങ് ആണ്. മാത്രമല്ല, സിനിമ ഇറങ്ങേണ്ടത് മറ്റാരെക്കാളും അയാളുടെ ആവശ്യമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ പരമാവധി വേഗത്തിൽ സിനിമ ഇറക്കുക എന്നത് മാത്രമാണ് അയാളുടെ ലക്ഷ്യം. ഏഴ് വർഷമായി അയാൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതും അതിനു വേണ്ടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button