അസുരന് ശേഷം ധനുഷ് വീണ്ടും സംവിധാന കുപ്പായമണിയുന്ന ‘ഇഡ്ലി കടെയ്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ധനുഷ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ അഭിനയിക്കുന്ന ചിത്രത്തിൽ നിത്യ മേനെനാണ് ധനുഷിന്റെ നായികയാകുന്നത്. ഇരുവരെയും കൂടാതെ രാജ്‌കിരൺ, അരുൺ വിജയ്, സത്യരാജ്, ശാലിനി പാണ്ഡെ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തന്റെ കുടുംബം തലമുറകളായി നോക്കി നടത്തുന്ന ഒരു ഇഡ്ലി കടയിൽ നിന്നും ഒരു യുവാവ് ആഡംബര ഹോട്ടലിലെ ജോലിക്ക് പോകുകയും പിന്നീട് തന്റെ പഴയ കടയുടെ മഹിമ മനസിലാക്കുകയും, ഇഡ്ലി നിർമ്മാണം എന്ന കുലത്തൊഴിലിനെ ബഹുമാനപൂർവ്വം കാണാൻ തുടങ്ങുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്ലി കടെയ്. ചിത്രത്തിൽ രാജ്കിരണാണ് ധനുഷിന്റെ അച്ഛനായി അഭിനയിക്കുന്നത്. ധനുഷിന്റെ ആദ്യ സംവിധാന സംരംഭമായ പവർ പാണ്ടിയിലും രാജ്കിരണായിരുന്നു നായകൻ. ചിത്രത്തിൽ രാജ്‌കിരണിന്റെ ചെറുപ്പം ധനുഷ് തന്നെ അഭിനയിക്കുകയും ചെയ്തു. ആകാശ് ഭാസ്കരനും ധനുഷും ചേർന്ന് നിർമ്മിക്കുന്ന ഇഡ്ലി കടെയ് ഒക്ടോബർ ഒന്നിനാണ് റിലീസിനെത്തുന്നത്. ജി.വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ജി.ക പ്രസന്നയാണ്. സൂപ്പർഹിറ്റ് ചിത്രം തിരുച്ചിട്രമ്പലത്തിന് ശേഷം ഹിറ്റ് ജോഡികളായ ധനുഷും നിത്യ മേനെനും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇഡ്ലി കടെയ്ക്കുണ്ട്.