MalayalamNews

തലയുടെ റീ എൻട്രി; ഛോട്ടാ മുംബൈ റീ റിലീസ് നീട്ടി

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു എന്ന വാർത്തകൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ സിനിമയുടെ ഈ റീ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയുടെ നിർമാതാവായ മണിയൻപിളള രാജുവാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുന്നത് എന്ന് മണിയൻപിളള രാജു പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നു. ജൂണിലായിരിക്കും ചിത്രം എത്തുക.

ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം. മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.

സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button