ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. സിനിമയിലെ ആവൻ ജാവൻ എന്ന ഗാനം പുറത്തിറങ്ങിയതോടെ കിയാരയുടെ ബിക്കിനി വേഷം ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ രംഗം സെൻസർ ബോർഡ് കട്ട് ചെയ്തിരിക്കുകയാണ്. 9 സെക്കൻഡ് രംഗമാണ് കട്ട് ചെയ്തത്.
ചിത്രത്തിൽ നിന്ന് 8 മിനിറ്റ് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്. അനുചിത’മായ ആറ് ഓഡിയോ-വിഷ്വൽ റഫറൻസുകളും സെൻസർ ബോർഡ് നീക്കം ചെയ്തു എന്നാണ് റിപ്പോർട്ട്. ‘പ്രലോഭനകരമായ’ രംഗങ്ങള്‍ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിര്‍ദേശം. മാറ്റങ്ങളോടെ യുഎ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രജനികാന്തിന്റെ കൂലിയ്ക്കൊപ്പമാണ് വാർ 2 തിയേറ്ററിൽ എത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ 3.7 കോടി മാത്രമാണ് നേടാനായത്. 16,226 ടിക്കറ്റാണ് സിനിമ ഇതുവരെ വിറ്റത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.




