തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കും എന്ന് സംവിധായകൻ വെട്രിമാരൻ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സംവിധായകന്റെ ചിമ്പുവിനൊപ്പമുള്ള ചിത്രത്തിന് ശേഷം അടുത്തതായി താൻ ചെയ്യാൻ പോകുന്നത് വടചെന്നൈ 2 ആണെന്ന് വെട്രിമാരന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ബാഡ് ഗേൾ എന്ന ചിത്രത്തിന്റെ പ്രീമിയറിലായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ചിത്രീകരണം പുരോഗമിക്കുന്ന ചിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ തന്നെ യൂണിവേഴ്‌സിൽ നടക്കുന്ന കഥയാണ് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ അടുത്തിടെ ചിത്രീകരിച്ചതും സെറ്റിൽ നിന്ന് ചില ചിത്രങ്ങൾ ലീക്കായതും കോളിവുഡിൽ വാർത്തയായിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും അധികം ഫാൻ ഫൈറ്റുകൾ നടക്കുന്ന താരങ്ങളിൽ രണ്ടുപേർ ധനുഷും ചിമ്പുവുമായതിനാൽ വടചെന്നൈ 2ൽ രണ്ട് പേരും ഒരുമിക്കുമോയെന്ന ചോദ്യങ്ങളും ആരാധകർക്കുണ്ട്.
2018ൽ റിലീസായ വടചെന്നൈ പഴയ മദ്രാസിലെ ഗ്യാങ്‌സ്റ്റർ കോലാഹലങ്ങളും, ഭൂമിക്ക് വേണ്ടിയുള്ള സാധാരണക്കാരന്റെ ചെറുത്തുനിൽപ്പും പ്രണയവും കുറ്റകൃത്യങ്ങളുമൊക്കെയായിരുന്നു പ്രമേയമാക്കിയത്. 4 വ്യത്യസ്ത കാലഘട്ടങ്ങളിലായിരുന്നു വടചെന്നൈയുടെ കഥ നടക്കുന്നത്. സിലമ്പരസന്റെ കഥാപാത്രം ചിത്രത്തിൽ ഏത് ടൈം ലൈനിലാണ് വരുന്നതെന്നത് സ്ഥിരീകരിച്ചിട്ടില്ല.2018ൽ തന്നെ പ്രഖ്യാപിച്ച വടചെന്നൈ 2 ചില കാരണങ്ങളാൽ നീങ്ങി പോകുകയായിരുന്നു. ഇതിനിടയിൽ സംവിധായകൻ സൂര്യയുമായി ഒന്നിക്കുന്ന വാടിവാസൽ പ്രഖ്യാപിക്കുകയും, ടെസ്റ്റ് ഷൂട്ട് നടത്തുകയും ചെയ്തുവെങ്കിലും നിർമ്മാണത്തിനുള്ള ചില തടസ്സങ്ങൾ കാരണം ചിത്രം മാറ്റിവെച്ച്, വെട്രിമാരൻ വിടുതലൈ 1, 2 ഭാഗങ്ങൾ ചിത്രീകരിച്ചു. വെട്രിമാരന്റെ കരിയറിലെ ആദ്യ സാമ്പത്തിക പരാജയമായിരുന്നു വിടുതലൈ 2.