രാജ്യത്തെ ഒന്നാകെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മോഹൻലാൽ. ഭീകരാക്രമണത്തിന്റെ ഇരകളേയോൾത്ത് ഹൃദയം വേദനിക്കുന്നുവെന്നും ഈ ക്രൂരതയെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും മോഹൻലാൽ പറഞ്ഞു. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും നടൻ പറയുന്നു.
“പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്”, എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹന്‍ലാലിനെ കൂടാതെ മറ്റ് നിരവധി ബോളിവുഡ്, ടോളിവുഡ് താരങ്ങളെല്ലാം സംഭവത്തില്‍ അപലപിച്ച് രംഗത്ത് എത്തുകയാണ്.
അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലാണ്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.