HindiNews

ആദ്യം കൂലിയിലെ കാമിയോ പണിയായി; ലോകേഷ്-ആമിർ ഖാൻ ചിത്രം ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരുന്ന കാമിയോ ആയിരുന്നു ആമിർ ഖാന്റേത്. പക്ഷേ ചിത്രം തിയേറ്ററുകളിൽ എത്തിയ ശേഷം ആമിർ ചെയ്ത കഥാപാത്രം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം ലോകേഷിന്റെ സംവിധാനത്തിൽ ആമിർ നായകനായി എത്തുന്ന ഒരു സിനിമ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഡ്രോപ്പ് ആയി എന്നാണ് റിപ്പോർട്ടുകൾ. ആമിറിനെ നായകനാക്കി ഒരു സൂപ്പർഹീറോ സിനിമ ലോകേഷ് ഒരുക്കുന്നു എന്നായിരുന്നു ചർച്ചകൾ. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്ന് ആമിറും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ സിനിമയാണ് ഇപ്പോൾ ഡ്രോപ്പ് ആയെന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ പരക്കുന്നത്.

കൂലിയുടെ മോശം അഭിപ്രായമാണോ ഈ സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. കൂലിയിൽ ദാഹ എന്ന അധോലോക നായകനെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനമാണ് ആമിർ എത്തുന്നത്. മോശം പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആമിറിന്റെ സ്റ്റാർഡത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നും പലരും വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, പ്രദീപ് രംഗനാഥൻ നായകനായി അഭിനയിക്കുന്ന ‘ഡ്യൂഡ്’ എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിൽ ആമിർ ഖാൻ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

നവാഗതനായ കീർത്തിശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ആമിർ ഖാനൊപ്പമുള്ള പ്രദീപ് രംഗനാഥന്റെ ചിത്രങ്ങൾ വൈറലായിരുന്നു. മുൻപ് ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു എക്സ്റ്റൻഡഡ്‌ കാമിയോ റോളിൽ എത്തുന്നെന്ന അപ്ഡേറ്റ് പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button