ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്. സിനിമയെച്ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ എല്ലാം അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുമാകയാണ്.
ഫെബ്രുവരി 20 സിനിമ ലോകമെമ്പാടും പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇതേ ദിവസമാണ് സൂര്യ ചിത്രമായ കറുപ്പും റിലീസിന് ഒരുങ്ങുന്നത്. ഇരു സിനിമകളും ഒരേ ദിവസം ക്ലാഷിനെത്തും എന്ന റിപ്പോർട്ടും കോളിവുഡിൽ ചർച്ചയാകുന്നുണ്ട്. വളരെക്കാലമായി സൂര്യ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് കറുപ്പ്. നിരവധി തവണ സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു. ഫെബ്രുവരിയിൽ എങ്കിലും സിനിമ പുറത്തിറങ്ങുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിപ്പിന് നായകന് സൂര്യ നായകനാവുന്ന ആര് ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും.
ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. അതേസമയം, 2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.




