രാജ്യം ആകെയും അന്താരാഷ്ട്ര തലത്തിലും ആരാധകരെ സൃഷ്ട്ടിച്ച ബാഹുബലി, സലാർ, കൽക്കി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ആരാധകരെ ഞെട്ടിച്ച് പ്രഭാസ്. ഇത്തവണ തന്റെ മാസ്റ്റർപീസ് ഐറ്റം ആയ ആക്ഷൻ ത്രില്ലറിന് ഒരു ഗ്യാപ്പ് കൊടുത്ത് ഹൊറർ, കോമഡി, അഡ്വെഞ്ചർ സ്വഭാവത്തിലൊരുക്കിയിരിക്കുന്ന രാജ സാബ് എന്ന ചിത്രത്തിലൂടെയാണ് തിയറ്ററുകൾ കുലുക്കുന്നത്.
മാരുതി സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. പ്രഭാസിനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും, രാജ സാബിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേക്ഷകരുടെ മനം കവരാൻ ഒന്നിന് പകരം മൂന്ന് യുവസുന്ദരിമാരാണ് പ്രഭാസിന്റെ നായികമാരാകുന്നത്.
ബ്രഹ്മാണ്ഡ മുതൽമുടക്കിൽ വിഎഫ്എക്സിന്റെ സഹായത്തിൽ നിർമ്മിച്ച മായിക ദൃശ്യങ്ങളും ആക്ഷൻ രംഗങ്ങളും അടങ്ങിയ ചിത്രത്തിൽ പ്രഭാസും മുതലയും തമ്മിലുള്ള സംഘട്ടന രംഗങ്ങളെ ഉദ്ധരിച്ച് കൊണ്ട് തിയറ്ററുകളിലേക്ക് അദ്ദേഹത്തിന്റെ ആരാധകർ മുതലക്കുഞ്ഞുങ്ങളെയും കൊണ്ട് വന്നത് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.പീപ്പിൾ മീഡിയ ഫാക്റ്ററി, ഇവി എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ ടി ജി വിശ്വപ്രസാദ്, ഇഷാൻ സക്‌സേന എന്നിവർ ചേർന്നാണ് രാജസാബ് നിർമ്മിച്ചിരിക്കുന്നത്. തമൻ ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്.




