Tamil Cinema

പരാശക്തിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; റിലീസ് പ്രതിസന്ധിയില്‍

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ ചിത്രം ‘പരാശക്തി’ റിലീസ് പ്രതിസന്ധിയില്‍. 15 കട്ടുകള്‍ കൂടി വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് റിലീസ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. വിജയ് നായകനാകുന്ന ജനനായകന്‍ എന്ന ചിത്രത്തിന്റെ റിലീസും സമാന പ്രതിസന്ധി നേരിടുകയാണ്. ജനനായകന് സംഭവിച്ചത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് പരാശക്തിയ്ക്കും സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ നേരത്തെ നിര്‍ദേശിച്ച 23 കട്ടുകള്‍ നടത്തിയതാണെന്നും പുതിയ കട്ടുകള്‍ അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും സംവിധായിക സുധ കൊങ്കര പ്രതികരിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയ്‌ക്കെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ സിനിമയുടെ നിര്‍മാതാവ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ബന്ധുവാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണ് ചിത്രത്തിന്റെ വിതരണക്കാര്‍.

അതേസമയം വിജയ് ചിത്രം ജനനായകന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത കേസില്‍ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, നാളെ പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button