Chithrabhoomi

‘വിജയ്‌യുടെ പേര് മുതൽ ടിവികെ ചിഹ്നം വരെ! ‘ജന നായകൻ’; ട്രെയ്‌ലറിന് പിന്നാലെ വൻ വിമർശനം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വിജയ്‌യുടെ ജന നായകന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി വിജയ്‌യെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്ന ചിത്രമാണ് ജന നായകന്‍. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്ന ടാഗ്‌ലൈനോടെയാണ് ജന നായകന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. 27 മില്യൺ പേരാണ് ട്രെയ്‌ലർ ഇതിനോടകം കണ്ടത്. വൻ ആവേശത്തോടെയാണ് ട്രെയ്‌ലർ വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ട്രെയ്‌ലറിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 2023 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ തെലുങ്ക് ചിത്രം ഭ​ഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകൻ എന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ജന നായകനിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

ചിത്രത്തില്‍ പലയിടത്തും വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ റഫറന്‍സുണ്ടെന്നും പലരും കണ്ടെത്തിയിട്ടുണ്ട്. വിജയ്‌യുടെ കഥാപാത്രത്തിന്റെ പേരാണ് ഇതില്‍ പ്രധാനം. ദളപതി വെട്രി കൊണ്ടാന്‍ എന്നാണ് വിജയ്‌യുടെ പേര്. ചുരുക്കിയെഴുതുമ്പോള്‍ ടിവികെ എന്നാണ് ലഭിക്കുന്നത്.ജന നായകനിലുട നീളം ടിവികെ റഫറന്‍സുണ്ടാകുമെന്നത് ഇതിലൂടെ വ്യക്തമാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു ഫ്രെയിമില്‍ രണ്ട് ആനകള്‍ക്ക് നടുവിലൂടെ വിജയ് വരുന്ന രംഗവും ചര്‍ച്ചയായി മാറി. ടിവികെയുടെ ചിഹ്നം റീ ക്രിയേറ്റ് ചെയ്തതാണ് ഇതെന്ന് പറയുന്ന പോസ്റ്ററുകള്‍ ഇതിനോടകം വൈറലായി.

ട്രെയ്‌ലറിന്റെ അവസാനം ഐ ആം കമിങ് എന്ന് പറയുന്നതും വൈറലായി മാറിയിട്ടുണ്ട്. വിജയ്‌യുടെ ഏറ്റവും വലിയ ഹിറ്റായ ലിയോയോടൊപ്പം റിലീസായ ചിത്രമാണ് ഭഗവന്ത് കേസരി. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം ബാലകൃഷ്ണയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായാണ് ആരാധകര്‍ കണക്കാക്കുന്നത്.ബാലകൃഷ്ണക്കൊപ്പം സംഗീത സംവിധായകന്‍ തമനും മാക്‌സിമം പണിയെടുത്ത ഭഗവന്ത് കേസരിയുടെ റേഞ്ചില്‍ ജന നായകന് എത്താനാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അവസാന ചിത്രം റീമേക്ക് ആക്കുന്നതിന് പകരം നെല്‍സണ്‍, ലോകേഷ്, അറ്റ്‌ലീ ഇവരില്‍ ആരെയെങ്കിലും വെച്ച് ചെയ്തു കൂടെയെന്നും പലരും ചോദിക്കുന്നുണ്ട്.അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ജനുവരി 9 നാണ് തിയറ്ററുകളിലെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button