ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അശ്വത് മാരിമുത്തു. രണ്ട് സിനിമകളും ഗംഭീര വിജയവും നേടിയിരുന്നു. ഇതിൽ പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗൺ 100 കോടിക്കും മുകളിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്തി കമൽ ഹാസൻ നിർമിക്കുന്ന അടുത്ത ചിത്രം തലൈവർ 173 ഒരുക്കുന്നത് അശ്വത് ആണെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. അശ്വത് രജനികാന്തിനോട് കഥ പറഞ്ഞെന്നും താരത്തിന് കഥ ഇഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ പ്രഖ്യാപനം ജനുവരിയിലോ ഫെബ്രുവരിയിലോ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയ്ക്ക് ശേഷമാകും അശ്വത് നേരത്തെ പ്രഖ്യാപിച്ച സിലമ്പരശൻ പ്രോജെക്ടിലേക്ക് കടക്കുക എന്നും റിപ്പോർട്ടുണ്ട്.
തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. തുടർന്ന് പാർക്കിംഗ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ രാംകുമാർ ബാലകൃഷ്ണൻ തലൈവർ ചിത്രം ഒരുക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. നേരത്തെ രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്. നേരത്തെ അശ്വത് സിമ്പുവിനെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഒരു ഫാന്റസി കൊമേർഷ്യൽ എന്റർടൈയ്നർ ഈ സിനിമ പ്ലാൻ ചെയ്യുന്നത്. ചിത്രത്തില്‍ ‘ഗോഡ് ഓഫ് ലവ്’ എന്ന റോളിലായിരിക്കും എസ്ടിആര് എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ ‘മൻമഥൻ’ എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നും സൂചനകളുണ്ട്.




