Chithrabhoomi

മോദിയുടെ കഥ പറയുന്ന സിനിമ, ചിത്രീകരിക്കുന്നത് ലോകത്ത് രണ്ടെണ്ണം മാത്രമുള്ള ക്യാമറയിൽ: ഉണ്ണിമുകുന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ണിമുകുന്ദൻ എത്തുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ് പാൻ ഇന്ത്യൻ ചിത്രമായ ‘മാ വന്ദേ’ നിർമിക്കുന്നത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ആരി 265 ഉപയോഗിച്ചാണ് ‘മാ വന്ദേ’ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ഏക ആരി 265 ക്യാമറയാണിത്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് സവിശേഷത. ഈ ക്യമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.

‘എന്റെ യാത്രയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായ മാ വന്ദേയുടെ ഷൂട്ടിങ് ആരംഭിച്ചു. വർഷങ്ങളായി നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മാ വന്ദേയിൽ, ശക്തിക്കും ശാരീരികക്ഷമതയ്ക്കും അപ്പുറത്തേക്ക് വൈകാരികവും മാനസികവുമായ ശക്തി സത്യസന്ധമായി പര്യവേക്ഷണം ചെയ്യുകയാണ് ചെയ്യുന്നത്. ഈ സ്വപ്ന ടീമിനൊപ്പം, ആ ഉദ്യമം പൂർത്തിയാകും. ഇന്ത്യയിലെ ഏക ക്യാമറ മോഡലായ ആരി 265 ഉപയോഗിച്ച് ചിത്രീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്.’ ഉണ്ണിമുകുന്ദൻ പറഞ്ഞു. അതേസമയം, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുക എന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചത്.

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തിൽ പ്രതിപാദിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമിക്കുന്നുണ്ട്. ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ നിർണായക വേഷത്തിലെത്തും. മോദിയുടെ അമ്മയായ ഹീരാബെൻ മോദിയുടെ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതൽ അദ്ദേഹം രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെയുള്ള സംഭവ ബഹുലമായ ജീവിതമാണ് ‘മാ വന്ദേ’യുടെ ഇതിവൃത്തം. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും മാ വന്ദേ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button